Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Saturday 5 October 2019

സയനൈഡ്


മലയാളിയുടെ പൊതുഇടങ്ങളില് സയനൈഡ് എന്ന മാരക വിഷത്തെക്കുറിച്ച് ചര്ച്ചയാകുന്നത് ശ്രീലങ്കന് പുലികളുടെ പ്രതാപകാലത്താണ്. പിന്നീട് യാഥാര്ത്ഥ്യത്തോടൊപ്പം നിറംപിടിപ്പിച്ചതും അതിശയോക്തി കലര്ന്നതുമായ നിരവധി കഥകള് പത്രങ്ങളിലൂടെയും അല്ലാതെയും മലയാളി അറിഞ്ഞു. ഇപ്പോൾ വീണ്ടും സയനൈഡ് എന്ന മാരകവിഷം വാർത്തയാവുകയാണ്. കോഴിക്കോട്ടെ കൂടത്തായിയിൽ രണ്ട് വയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ 2002 മുതൽ വിവിധ കാലയളവിൽ മരിച്ചത് കൊലപാതകമെന്ന വാർത്ത കേരളത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചത് സയനൈഡ് ആണെന്ന പ്രാഥമിക നിഗമനം ആ കൊടും വിഷത്തെകുറിച്ചുള്ള ചർച്ച പൊതു ഇടങ്ങളിൽ വീണ്ടും സജീവമാകുകയാണ്.

സയനൈഡ് കഴിച്ചുള്ള മരണത്തെക്കുറിച്ച് അബദ്ധ ധാരണകൾ വെച്ച് പുലർത്തുന്നവരാണ് നമ്മളൊക്കെ. ഒരു തരി പൊട്ടാസ്യം സയനൈഡ് കഴിച്ചാല് അനായാസം മരിക്കാമെന്ന പലരുടെയും ധാരണ തെറ്റാണ്. സയനൈഡ് കഴിച്ചാല് ഏതാനും മിനിറ്റിനുള്ളില് മരിക്കുമെങ്കിലും ശാന്തമായ മരണമല്ല ഉണ്ടാകുക. വിഷം അകത്തു ചെന്ന് മൂന്നു മിനിറ്റോളം നെഞ്ച് പിളര്ക്കുന്ന വേദന അനുഭവപ്പെടുമത്രെ .

ഉപ്പുകല്ല് പോലെയാണ് സയനൈഡ്. തീക്ഷ്ണമായ എരിവു കലര്ന്ന രുചിയാണെന്ന് ഗവേഷകര് പറയുന്നു. മരച്ചീനിക്കട്ടിന്റെയോ പച്ച ആല്മണ്ടിന്റെയോ ഗന്ധം. ‘ഉള്ളില് ചെന്നാല് കഠിനമായ വേദന കാരണം പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്ദിയും തളര്ച്ചയും തലവേദനയും ആദ്യഘട്ടത്തില് ഉണ്ടാകും. സയനൈഡ് ഉള്ളില് ചെന്നയാള് ഭീതിജനകമായ പരാക്രമം കാണിക്കും’ - പ്രശസ്ത ഫൊറന്സിക് സര്ജന് ഡോ. ബി.ഉമാദത്തന് തന്റെ പുസ്തകത്തില് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങള്ക്ക് രക്തത്തിലെ ഓക്സിജന് ഉപയോഗിക്കാന് കഴിയാത്ത അവസ്ഥവരും. നിമിഷങ്ങള്കൊണ്ട് മരണം സംഭവിക്കും. രക്തത്തിന്റെ നിറം മാറും. സാധാരണ രക്തത്തിന് ഇരുണ്ട ചുവപ്പു നിറമാണെങ്കില് സയനൈഡ് കലരുമ്പോള് അത് തിളക്കമുള്ള ചുവന്ന നിറമായി മാറും.

മൂലകങ്ങളായ കാര്ബണും നൈട്രജനുമാണ് സയനൈഡില് അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം സയനൈഡും ഹൈഡ്രജന് സയനെഡും സോഡിയം സയനൈഡുമെല്ലാം ഉള്ളില് ചെന്നാല് മരിക്കാനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. ശരീരത്തിന്റെ തൂക്കം, ഉള്ളില് ചെന്ന സയനൈഡിന്റെ അളവ്, അത് ശരീരത്തിലെത്തിയ രീതി എന്നിവയാണ് മരണത്തിലേക്ക് ഒരാളെ തള്ളിവിടുന്നതിന്റെ വേഗം തീരുമാനിക്കുന്നത്. ഒരാള് 5 മിനിറ്റില് മരിക്കുമെങ്കില് മറ്റൊരാള് മരിക്കുന്നത് 30 മിനിറ്റു കൊണ്ടാകും. 50 മുതല് 60 വരെ മില്ലീഗ്രാം ഹൈഡ്രജന് സയനൈഡ് ശരീരത്തിലെത്തിയാല് മരണകാരണമാകും. 200 മുതല് 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളില് ചെന്നാല് മരണകാരണമാകും.

ഹൈഡ്രജന് സയനൈഡ് ഉള്ളില് ചെന്നാല്‌ 2 മുതല് 10 വരെ മിനിറ്റിനുള്ളില് മരണം സംഭവിക്കാം; സോഡിയം - പൊട്ടാസ്യം സയനൈഡാണെങ്കില് 30 മിനിറ്റും. ചില കേസുകളിൽ വിഷം ഉള്ളില് ചെന്നാലും മണിക്കൂറുകളോളം കുഴപ്പമുണ്ടാകില്ല. ശരീരം വിഷത്തെ ആഗിരണം ചെയ്യാൻ സമയമെടുക്കുന്നതു കൊണ്ടാണിത്. സയനൈഡ് ഉള്ളില് ചെന്ന് ഓക്സിജന്റെ അളവു കുറയ്ക്കുന്നതോടെ ഹൃദയത്തിലെയും തലച്ചോറിലെയും കോശങ്ങള് നശിച്ച് മരണം സംഭവിക്കും. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ മരുന്നുകള് നല്കി രക്ഷപ്പെടുത്താന് കഴിഞ്ഞാലും തലച്ചോറിലും ഹൃദയത്തിലും സംഭവിച്ച തകരാറുകള് നല്കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം.

നിത്യജീവിതത്തില് ഉപയോഗിക്കുന്ന പല ഭക്ഷണ സാധനങ്ങളിലും സയനൈഡ് അടങ്ങിയിട്ടുണ്ട്. കഴിക്കുന്നത് ചെറിയ അളവിലായതിനാല് മരണം സംഭവിക്കുന്നില്ലെന്നു മാത്രം. ആപ്പിളിന്റെയും ചെറിയുടേയും കുരുവില് സയനൈഡ് ചെറിയ രീതിയില് ഉണ്ട്. ആപ്പിളിന്റെ അരിയില് സയനൈഡും ഷുഗറും ചേര്ന്ന മോളിക്കുലര് ആണ് ഉള്ളത്. ശരീരത്തിലെ എന്സൈമുകളുമായി ചേരുമ്പോള് ഷുഗര് വേര്പെടും. അവശേഷിക്കുന്ന സയനൈഡ് വിഘടിച്ച് ഹൈഡ്രജന് സയനൈഡ് ആയി മാറും. ആപ്പിളിന്റെ അരി വലിയ അളവില് കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാല് ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല. മരച്ചീനിയിലും സയനൈഡ് ചെറിയ രീതിയില് അടങ്ങിയിട്ടുണ്ട്. കഴിക്കുന്ന അളവ് ചെറുതായതിനാല് പ്രശ്നങ്ങളുണ്ടാകുന്നില്ല.

സാധാരണക്കാര്ക്ക് എളുപ്പം കിട്ടുന്ന ഒന്നല്ല പൊട്ടാസ്യം സയനൈഡ്. ജ്വല്ലറി പണികള്ക്കും ഇലക്ട്രോ പ്ലേറ്റിനും ചില വ്യവസായങ്ങള്ക്കും ലബോറട്ടറികള്ക്കും സയനൈഡ് ലവണങ്ങള് ആവശ്യമാണ്. ജ്വല്ലറികള് കൂടുതലുള്ളതിനാല് കേരളത്തില് സയനൈഡിന്റെ ഉപയോഗവും കൂടുതലാണ്. നിയന്ത്രണങ്ങള്ക്കു വിധേയമായാണ് ലാബുകളില്നിന്ന് സ്വര്ണപ്പണിക്കാര്ക്കു സയനൈഡ് നല്കുന്നത്. സയനൈഡ് ഉപയോഗിക്കുന്നതിന് ലാബുകള്ക്കും നിയന്ത്രണമുണ്ട്.

യഥാർത്ഥത്തിൽ പൊട്ടാസ്യം സയനൈഡ് രാസപ്രക്രിയയിലൂടെ ഉണ്ടാവുകയാണ് ചെയ്യുന്നത്. "തട്ടാൻമാരും മറ്റും സ്വർണ്ണം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത് ഹൈഡ്രോ സയനിക് ആസിഡാണ്. ഇത് തന്നെ രണ്ട് വിധത്തിലുണ്ടാകും. പുകയായും ദ്രാവകമായും ഉണ്ടാകും. ദ്രാവക രൂപത്തിലുള്ളതാണ് കൊമേഴ്‌സ്യൽ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഇത് ഭയങ്കര കയ്പ്പ് രുചിയുള്ള സാധനമാണ്. പച്ചവെള്ളത്തിലൊന്നും കലർത്തി ഇത് ആരെക്കൊണ്ടും കുടിപ്പിക്കാനാവില്ല."

"ഹൈഡ്രോ സയനിക് ആസിഡ് ശരീരത്തിനകത്തെ ഹൈഡ്രോ ക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് പൊട്ടാസ്യം സയനൈഡ് ആയി മാറുകയാണ് ചെയ്യുന്നത്. നമുക്കറിയാവുന്ന കഴുത്തിൽ തൂക്കിയിട്ട് നടക്കുന്ന സയനൈഡ് താലിയിൽ രണ്ട് അറകളിലായി ഹൈഡ്രോ സയനിക് ആസിഡും ഹൈഡ്രോ ക്ലോറിക് ആസിഡുമാണ് ഉള്ളത്. ഇത് കടിച്ചുപൊട്ടിക്കുമ്പോൾ വായിൽ വച്ച് തന്നെ രാസപരിണാമം സംഭവിക്കുകയാണ് ചെയ്യുന്നത്.

സയനൈഡിന്റെ രുചി അറിയാന് ഒരു ശാസ്ത്രജ്ഞന് സയനൈഡ് കഴിച്ചു നോക്കിയെന്നും ‘എസ്’ എന്നെഴുതിയശേഷം മരിച്ചെന്നും കഥ പ്രചരിക്കുന്നുണ്ട്. വാസ്തവം വ്യക്തമല്ലെങ്കിലും കേരളത്തില് സമാനമായ സംഭവം 2006 ജൂണ് 17ന് ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ സ്വര്ണപ്പണിക്കാരനായിരുന്ന എം.പി.പ്രസാദാണ് പാലക്കാട്ടെ ഹോട്ടല് മുറിയില് സയനൈഡ് കഴിച്ചശേഷം മരിക്കുന്നതിനു മുന്പ് അതിന്റെ രുചി പേപ്പറില് രേഖപ്പെടുത്തിയത്. മദ്യത്തില് കലര്ത്തിയാണ് പ്രസാദ് സയനൈഡ് ഉപയോഗിച്ചത്. ‘പൊട്ടാസ്യം സയനൈഡ് ഞാന് രുചിച്ചു. നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവാണ്’- പ്രസാദ് പേപ്പറില് എഴുതി.

Courtesy : malayala manorama, Asianet online News.


Tuesday 1 October 2019

അമേരിക്കയിലെ അദ്‌ഭുതമാണ്‌ ആമിഷ്‌

*അമേരിക്കയിലെ അദ്‌ഭുതമാണ്‌ 'ആമിഷ്‌...*



അമേരിക്കയിലെ അദ്‌ഭുതമാണ്‌ 'ആമിഷ്‌ ' എന്നറിയപ്പെടുന്ന ജനവിഭാഗം. മുന്നൂറിലേറെ വർഷങ്ങൾ പിന്നിലാണ്‌ അവർ ഇപ്പോഴും. അജ്ഞത കൊണ്ടല്ല, മനപ്പൂർവം!
അമേരിക്ക എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത്‌ ആകാശത്തെ തൊട്ടുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും വേഗത്തിൽ പായുന്ന വില കൂടിയ കാറുകളും ഗ്ളാമർവേഷമണിഞ്ഞ സുന്ദരികളും സുന്ദരന്മാരുമൊക്കെയാണോ? എന്നാൽ ഇവയിൽനിന്നൊക്കെ വ്യത്യസ്മമായൊരു അമേരിക്കൻജീവിതത്തെ തൊട്ടറിയാൻ പെൻസിൽവാനിയയിലെയും ഇൻഡ്യാനയിലെയും ചില ചെറു ഗ്രാമങ്ങളിലേക്ക്‌ വരൂ. അവിടെയാണ്‌ ‘ആമിഷ്‌’ ജനത വസിക്കുന്നത്‌. കുതിരവണ്ടികളിൽമാത്രം യാത്ര ചെയ്ത്‌ വൈദ്യുതി ഉപയോഗിക്കാതെ മുന്നൂറിലേറെ വർഷം പഴക്കമുള്ള ജീവിതക്രമങ്ങൾ ഇന്നും അനുവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യർ!
ആദിവാസികളാണെന്നോ,വിദ്യാഭ്യാസമില്ലാത്തവരാണെന്നോ തെറ്റിദ്ധരിക്കേണ്ട, സുഖ ലോലുപതയുടെ കളിത്തൊട്ടിലായ അമേരിക്കയിൽ, മുഖ്യധാരയിൽനിന്ന്‌ അകന്നുമാറി, ലൗകിക സുഖങ്ങളെ തിരസ്കരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹമാണ്‌ ആമിഷുകൾ. 
സ്വന്തം ചിത്രങ്ങളെടുക്കുന്നതിനോട് അങ്ങേയറ്റം വിമുഖത കാട്ടാറുണ്ട്‌ ആമിഷുകൾ. യാത്രയ്ക്കിടെ ഒരിടത്താവളത്തിൽവെച്ച് ഒരു കടയുടമ എന്റെ ക്യാമറ ശ്രദ്ധിച്ചിരുന്നു. അയാൾ പറഞ്ഞു: ‘‘ആമിഷ് ഗ്രാമങ്ങളിലേക്കാണോ യാത്ര? കഴിവതും അവരുടെ ചിത്രങ്ങളെടുക്കാൻ ശ്രമിക്കരുത്. ഫോട്ടോ എടുക്കുന്നത്, സ്വന്തം ആത്മാവ് പറിച്ചെടുക്കുന്നതുപോലെയാണവർക്ക്.’’
അവരെ അടുത്തറിയാനുള്ള ജിജ്ഞാസകൊണ്ടാണ്‌ ആമിഷ്‌ ഗ്രാമ ങ്ങളിലേക്കൊരു യാത്ര പോയത്‌. ഷിക്കാഗോ നഗരത്തിൽനിന്ന്‌ 250 കിലോമീറ്റർ യാത്ര ചെയ്തപ്പോൾ ആമിഷ്‌ ഗ്രാമങ്ങളുടെ വരവറിയിക്കുന്ന കറുത്ത കുതിരവണ്ടികൾ കണ്ടുതുടങ്ങി. ഇൻഡ്യാന എന്ന സംസ്ഥാനത്തെ ഷിപ്‌ഷിവാന എന്ന ചെറുഗ്രാമത്തിലെത്തിയിരുന്നു ഞാനപ്പോൾ. പഴയ വിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്ന ആമിഷ്‌ ജനതയ്ക്ക്‌ പുറംലോകത്തോട്‌ അത്ര താത്‌പര്യമില്ല. ചെറുപ്പം മുതൽതന്നെ ഇംഗ്ളീഷും പെൻസിൽവാനിയൻ ഡച്ചും (ജർമൻഭാഷയുടെ ഒരു വകഭേദം) സംസാരിക്കുന്നവരാണ്‌ ആമിഷുകൾ. പക്ഷെ, അമേരിക്കയിലെ മറ്റു ജനങ്ങളെ ‘ഇംഗ്ളീഷ്‌’ എന്നാണ്‌ ആമിഷുകൾ 
വിളിക്കുക.
ഷിപ്‌ഷിവാനയിലെ ഒരു കവലയിൽ ആമിഷ്‌ കുതിരവണ്ടികൾ നോക്കി കുറച്ചുനേരം നിന്നുപോയി. കാലം നൂറ്റാണ്ടുകൾക്കു പിന്നിലേക്ക്‌ പെട്ടെന്ന്‌ തെന്നിമാറിയതുപോലെ!. സൈക്കിൾ ചവിട്ടിവന്ന ഒരു ആമിഷ്‌ യുവാവിനെ തികച്ചും ആകസ്മികമായി പരിചയപ്പെട്ടു. ഒർലാന്റ്‌ മില്ലർ എന്നായിരുന്നു അയാളുടെ പേര്‌. ആമിഷ്‌ ജീവിതരീതികൾ മനസ്സിലാക്കാൻവേണ്ടി വന്നതാണെന്നാണു പറഞ്ഞപ്പോൾ ഒർലാന്റ്‌ വീട്ടിലേക്ക്‌ ക്ഷണിച്ചു. ഒരേയൊരു അഭ്യർഥനയോടെ- തന്റെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോ എടുക്കരുത്! 
ഒരു ബിസിനസ്സുകാരനായ ഓർലാന്റ്‌ പോകുംവഴി തന്റെ കോടികൾ വിലമതിക്കുന്ന ഫാക്ടറി കാട്ടിത്തന്നു. എന്നാൽ തികച്ചും ലളിതമായ ഒരു വീട്ടിലേക്കാണ്‌ മില്ലർ എന്നെ കൊണ്ടുപോയത്‌. അമേരിക്കയിലാണ്‌ ജീവിക്കുന്നതെങ്കിലും പുത്തൻ സാങ്കേതികവിദ്യകളോട്‌ ആമിഷുകൾക്ക്‌ തീരെ താത്‌പര്യമില്ല. ഇവ തങ്ങളെ മുഖ്യധാരയിലേക്ക്‌ അടുപ്പിക്കും എന്ന ഭയം കൊണ്ടാണിത്‌. വിദ്യുച്ഛക്തി ഉപയോഗിക്കാത്തതും ടെലിവിഷൻ, കമ്പ്യൂട്ടർ, ഫ്രിഡ്‌ജ്‌, ഇന്റർനെറ്റ്‌, മൊബൈൽ ഫോൺ എന്നിവയ്ക്ക്‌ അയിത്തം കല്പിച്ചതുമൊക്കെ ഇതേ കാരണംകൊണ്ടാണ്‌. അപൂർവമായി ഫോൺ ഉപയോഗിക്കുന്നവർ അത്‌ വീടിനു പുറത്താണ്‌ സൂക്ഷിക്കുക. ഓർലാന്റിന്റെ വീട്ടുവരാന്തയിലാണ്‌ ഫോൺ!
വീടിനുപുറത്ത്‌ അയലിൽ വിരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അമേരിക്കയിൽ ഒരസാധാരണമായ കാഴ്ചയാണ്‌. ആമിഷുകൾ വാഷിങ്‌ മെഷീനും ഡ്രയറും ഉപയോഗിക്കാറില്ല. എന്നെ സ്നേഹപൂർവം വീട്ടിനുള്ളിലേക്ക്‌ ക്ഷണിച്ചത്‌ ഒർലാന്റ്‌ മില്ലറിന്റെ കുടുംബം മുഴുവൻ നേരിൽ വന്നാണ്‌. ഒർലാന്റ്‌, അദ്ദേഹത്തിന്റെ ഭാര്യ ഡെറോത്തി, പന്ത്രണ്ടു മുതൽ രണ്ടുവയസ്സുവരെയുള്ള ആറ്‌്‌ കുട്ടികൾ എന്നിവരെ എനിക്കു പരിചയപ്പെടുത്തി. സന്ധ്യകഴിഞ്ഞ സമയമായിരുന്നു. കുടുംബ ബന്ധങ്ങൾക്ക്‌ വലിയ വില കല്പിക്കുന്ന ആമിഷുകൾ ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കാറുള്ളൂ. തീൻമേശയിൽ പാത്രങ്ങൾ നിരത്തി ഗൃഹനാഥന്റെ വരവുകാത്തിരിക്കുകയായിരുന്നു കുടുംബം. തീൻ മേശയ്ക്കു ചുറ്റുമിരുന്ന്‌ അവർ ആമിഷ്‌ ജീവിത രീതികൾ പങ്കുവെച്ചു. പുഴുങ്ങിയ ഉരുളക്കിഴങ്ങും പൊരിച്ച മീനും സാലഡും ആണ്‌ ഭക്ഷണം. ഒപ്പം സ്‌ട്രോബറി കേക്കും ലെമൺ പൈച്ചുമുണ്ട്‌. 
ഒർലാന്റ്‌ ആമിഷ്‌ ജനതയുടെ ഉത്ഭവത്തെക്കുറിച്ചു പറഞ്ഞു: പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, യാക്കോബ്‌ അമ്മാൻ എന്ന സ്വിസ്‌ പാതിരിയുടെ നേതൃത്വത്തിൽ ആനബാപ്റ്റിസ്‌ വിഭാഗത്തിൽ നിന്ന്‌ വേർപിരിഞ്ഞ ഒരു ക്രൈസ്തവസമൂഹമാണ്‌ ആമിഷ്‌ എന്നറിയപ്പെടുന്നത്‌. അമ്മാനിൽ നിന്നാണ്‌ ആമിഷ്‌ എന്ന പേരിന്റെ ഉത്‌ഭവം. അമേരിക്കയിലേക്ക്‌ ഇവർ കുടിേയറിപ്പാർത്തത്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്‌. ഇപ്പോൾ രണ്ടരലക്ഷത്തോളം ആമിഷുകൾ അമേരിക്കയിലുണ്ട്‌. ഇൻഡ്യാന, ഒഹായോ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇവർ മുഖ്യമായും താമസിക്കുന്നത്‌. 
പൊതുവെ ശാന്തശീലരാണ്‌ ആമിഷുകൾ. പുരുഷന്മാർ വിവാഹിതരാവുന്നതോടെ താടി നീട്ടി വളർത്തിത്തുടങ്ങും. പക്ഷെ, മീശ എന്നത്‌ മിലിട്ടറി, പോലീസ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇവർ മീശയില്ലാതെ താടി മാത്രമാണ്‌ വളർത്താറ്‌്‌. സ്ത്രീകൾ ഒറ്റ നിറത്തിലുള്ള നീളൻവസ്ത്രങ്ങളാണ്‌ ധരിക്കാറ്‌്‌. കണങ്കാൽ വരെ നീളുന്ന വസ്ത്രങ്ങൾക്ക്‌ നീളൻ കൈകളുമുണ്ടാകും. ഇവർ മുടി മുറിക്കാറില്ല. ചുരുട്ടികെട്ടിവെക്കുന്ന മുടിക്കുമേൽ ധരിക്കുന്ന തുണിക്കെട്ടിന്‌ ‘കാപ്പ’ എന്നാണ്‌ പേരെന്ന്‌ ഡെറോത്തി പറഞ്ഞു. വിവാഹിതരാവുന്ന സ്ത്രീകൾ സ്വയം തയ്‌ച്ചെടുക്കുന്ന വേഷമാണ്‌ ധരിക്കാറ്്‌. പിന്നീട്‌ ഇതേ വസ്ത്രംതന്നെ ഇവർ ഞായറാഴ്ചകളിലെ പ്രാർഥനകൾക്കും ഉപയോഗിക്കും. മരണശേഷമുള്ള അന്ത്യയാത്രയും ഈ വസ്ത്രത്തിൽതന്നെ. 
കൃഷിയിലും അനുബന്ധ തൊഴി ലുകളിലുമാണ്‌ ആമിഷുകളുടെ ശ്രദ്ധ. നിലമുഴാൻ ട്രാക്ടറിനു പകരം കുതിരയെയും കഴുതയെയുമാണ്‌ ഉപയോഗിക്കാറ്്‌. കഠിനാധ്വാനം ചെയ്യുന്ന ആമിഷുകളുടെ കാർഷികോത്‌പന്നങ്ങൾ അമേരിക്കയിൽ പ്രസിദ്ധമാണ്‌. വെനീറും പ്ലൈവുഡും ഉപയോഗിക്കാതെ ഈടുറപ്പോടെ നിർമിക്കുന്ന ആമിഷ്‌ ഫർണിച്ചറിനും അമേരിക്കയിൽ ആവശ്യക്കാർ അനവധി. 
ആമിഷ്‌ കുട്ടികൾ പഠനം നടത്തുന്നത്‌ വീട്ടിൽത്തന്നെയുള്ള ‘സെൽഫ്‌ സ്റ്റഡി’ സമ്പ്രദായത്തിൽ. അല്ലെങ്കിൽ ആമിഷ്‌ സമൂഹം നടത്തുന്ന ഏകാധ്യാപക വിദ്യാലയത്തിൽ. മില്ലർ കുടുംബത്തിലെ വിദ്യാഭ്യാസ പ്രായമെത്തിയ നാലുകുട്ടികളെ വീട്ടിൽ വെച്ച്‌ ഡെറോത്തിതന്നെയാണ്‌ പഠിപ്പിക്കുന്നത്‌. അടിസ്ഥാന വിദ്യാഭ്യാസം കുട്ടികളെ ആമിഷ്‌ ജീവി തത്തിന്‌ സജ്ജരാക്കും എന്നാണിവരുടെ അഭിപ്രായം. എട്ടാം ക്ളാസ്സിനുശേഷം ആൺകുട്ടികൾ എന്തെങ്കിലും തൊഴിൽ അഭ്യസിക്കും. പെൺ
കുഞ്ഞുങ്ങളാവട്ടെ കുടുംബത്തിന്റെ പരിപാലനത്തിലേക്ക്‌ ശ്രദ്ധതിരിക്കും. 
ആമിഷ്‌ ജീവിതരീതിയിലെ ഒരു പ്രത്യേകതയാണ്‌ ‘റംസ്‌പ്രിങ്ങ’ എന്നു വിളിക്കുന്ന കാലഘട്ടം. (ഓടി നടക്കൽ എന്ന് മലയാളം). പ്രായ
പൂർത്തിയെത്താത്ത കുട്ടികൾക്ക് പുറം ലോകവുമായി സംസർഗത്തിനുള്ള അവസരമാണീ കാലം. അച്ഛനമ്മമാരുടെ കടുത്ത ശിക്ഷ ണത്തിൽനിന്നുള്ള ഈ ഇളവുകാലം ആമിഷ് ജിവിതം തുടരണോ എന്ന തീരുമാനം എടുക്കുന്നതിനുള്ള സമയമാണ്. ആമിഷായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ പ്രായ
പൂർത്തി എത്തിയശേഷം മാമോദീസ ചെയ്യപ്പെടും. ഇങ്ങനെ വൈകിയുള്ള മാമോദീസയും ആമിഷുകളുടെ പ്രത്യേകതയാണ്. ആമിഷായി ജീവിക്കാൻ വൈമുഖ്യം കാണിക്കുന്നവർ സമൂഹത്തിനു പുറത്താകും. വളരെക്കുറച്ച് കുട്ടികൾ മാത്രമാണ് ആമിഷ് ജീവിതരീതിയിൽനിന്ന് പുറത്തുപോവുന്നത് എന്നതും ശ്രദ്ധേയമാണ്. കാറുവാങ്ങുക, മദ്യപിക്കുക തുടങ്ങിയ ‘കുറ്റങ്ങൾ’ ചെയ്യുന്നവർക്ക് ആമിഷ് സമൂഹത്തിൽ ശിക്ഷാവിധികളുണ്ട്. ഇവരെ സമൂഹത്തിൽ നിന്നുതന്നെ ഭ്രഷ്ട് കല്പിക്കാറാണ് പതിവ്.
അമേരിക്കയിലെ മുഖ്യധാരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്ന ആമിഷുകൾ കുടുംബബന്ധങ്ങളിലും അവരുടെ വിശ്വാസങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. 
മിതത്വമാണ് ആമിഷ് ജീവിതരീതിയുടെ മുഖമുദ്ര. ഇത് അവരുടെ ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലുമൊക്കെ പ്രതിഫലിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് കാറുകൾ ഉപയോഗിക്കാത്തത് എന്ന ചോദ്യത്തിന് ഒർലാന്റ് മറുപടി പറഞ്ഞു. ‘‘കുതിരവണ്ടികൾമാത്രം ഉപയോഗിക്കുന്ന ഞങ്ങളുടെ സമൂഹത്തിന്റെ വ്യാപ്തി വളരെ കുറവാണ്. പരമാവധി 15 മൈൽ ദൂരം മാത്രമേ കുതിരവണ്ടിയിൽ പോയിവരാൻ കഴിയൂ. ആ ചെറിയ വൃത്തത്തിനുള്ളിൽ ഈടുറപ്പുള്ള ബന്ധങ്ങളുണ്ട് ഞങ്ങൾക്ക്. കൂടുതൽ സമയം കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ചെലവഴിക്കാൻ കഴിയുന്നു. കാറുകൾ കടന്നുവന്നാൽ ആ വൃത്ത ങ്ങൾ വലുതാവും, അതിനൊപ്പം ബന്ധങ്ങളുടെ ഇഴയടുപ്പം കുറയും.’’
ആമിഷ് ജനതയിൽത്തന്നെ പല ഉപവിഭാഗങ്ങളുണ്ട്. കുടിയേറ്റകാലത്ത് ജർമനിയുടെയും സ്വിറ്റ്‌സർലൻഡിന്റെയും പല ഭാഗങ്ങളിൽ നിന്നുവന്നവർ. ഇന്നും ചില പ്രത്യേക വ്യത്യാസങ്ങൾ കാത്തു സൂക്ഷിക്കുന്നതിനാലാണിത്. ഉപ വിഭാഗങ്ങളുടെ ഈ വ്യത്യാസങ്ങൾ അവരുടെ വസ്ത്രധാരണത്തിലും ആചാരങ്ങളിലും എന്തിന് കുതിരവണ്ടികളുടെ നിറവ്യത്യാസത്തിൽ നിന്നുപോലും മനസ്സിലാക്കാമത്രെ.
കേരളത്തിലെ വായനക്കാർക്കുള്ള സന്ദേശം എന്താണെന്ന ചോദ്യത്തിന് ഡെറോത്തിയും 
ഒാർലന്റും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു. ‘‘ഞങ്ങളുടെ വിശ്വാസം, സമൂഹം, കുടുംബം അവയാണ് ഞങ്ങൾക്ക് എല്ലാമെല്ലാം. നിങ്ങൾക്ക് ഞങ്ങളുടെ കുടുംബബന്ധങ്ങളും ആമിഷ് സമൂഹവും ഇഷ്ടമായെങ്കിൽ, 
നിങ്ങളുടെ 
കുടുംബത്തിനൊപ്പം കൂടുതൽ സമയം പങ്കിടൂ. നിങ്ങളുടെ സമൂഹത്തെ സ്നേഹബന്ധങ്ങളിലൂടെ കെട്ടിപ്പൊക്കാൻ 
പരിശ്രമിക്കൂ!’’
ഒർലാന്റിനോടും ഡെറോത്തിയോടും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്ക് രാവേറെ വൈകിയിരുന്നു. പരുന്തിനു മീതെ പറക്കുന്നത് പണം മാത്രമാണെന്ന് വിശ്വസിക്കുന്ന അമേരിക്കൻ ജീവിതത്തിരക്കുകളിൽ നിന്നും ഏറെയകലെ ആമിഷ്ഗ്രാമങ്ങളിൽ ചെറുകുതിരവണ്ടികൾ മെല്ലെ നീങ്ങുകയാണ്. മുന്നൂറു വർഷത്തിലധികം പഴക്കമുള്ള വിശ്വാസാനുഷ്ഠാനങ്ങളിലൂടെ... കുടുംബ ബന്ധങ്ങൾ ഇഴപാകിയ ചെറുവീടു കൾക്കുള്ളിൽ രാവിളക്കുകൾ തെളിഞ്ഞിരിക്കുന്നു. സ്നേഹ സുവിശേഷങ്ങൾക്കൊപ്പം ആ വീടുകളിൽ ആമിഷ് പുഞ്ചിരികളും നിറയുന്നുണ്ടാവണം.

Thursday 19 September 2019

ലൂണ 1 : ചന്ദ്രനിലെത്താനുള്ള ആദ്യ ശ്രമം


ഇന്ന് പല രാജ്യങ്ങളും ചാന്ദ്ര പേര്യ വേഷങ്ങൾ നടത്തുന്നുണ്ട് .ചന്ദ്രനിലേക്ക് ആദ്യ പര്യവേക്ഷണപേടകം വിക്ഷേപിച്ചിട്ടു ഇപ്പോൾ 60 വര്ഷം പിന്നി ട്ടിരിക്കുന്നു. ചന്ദ്രനെ ലക്ഷ്യമാക്കി വിക്ഷേപിച്ച ആദ്യ പര്യവേക്ഷണ പേടകമായിരുന്നു സോവ്യറ്റ് യൂണിയന്റെ ലൂണ 1 . പ്രതീക്ഷിച്ചതുപോലെ ചന്ദ്രനിൽ ഇടിച്ചിറങ്ങാൻ ആയില്ലെങ്കിലും ചന്ദ്രോപരിതലത്തിനു ഏകദേശം 6000 കിലോമീറ്റർ ദൂരത്തിലൂടെ കടന്നുപോയി ചന്ദ്രനെ വീക്ഷിക്കാൻ ലൂണ 1 നായി .
1959 ജനുവരി രണ്ടിനാണ് ലൂണ 2 വിക്ഷേപിച്ചത് .അന്നത്തെ സോവ്യറ്റ് യൂണിയനിലെ ( ഇപ്പോൾ കസാഖ്സ്ഥാനിലെ ) ബെയ്ക്കനോർ വിക്ഷേപണകേന്ദ്രത്തിൽ നിന്നും ഒരു R7 വിക്ഷേപണ വാഹനത്തിൽ ലൂണ 2 വിക്ഷേപിച്ചത്.ചന്ദ്ര ഉപരിതലത്തിൽ ഇടിച്ചിറങ്ങി ഒരു ചെറിയ കാലയളവിൽ ചന്ദ്ര ഉപരിതലത്തെ പറ്റി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലൂണ 1 ഇന്റെ പ്രധാന ഉദ്ദേശം . ഭൂമിയുടെ ഗുരുത്വ ബലത്തിൽ നിന്നും പൂർണമായും വിട്ടുപോകാൻ ആവശ്യമായ സെക്കൻഡ് കോസ്മിക്ക് വെലോസിറ്റി (11.2 km/sec -escape velocity)ആർജിച്ച ആദ്യ ബഹിരാകാശ പേടകവും ലൂണ 1 തന്നെ .
കണക്കുകൂട്ടലുകളിൽ ഉണ്ടായ പാളിച്ചനിമിത്തം ലൂണ 1 ഇന്റെ ലക്‌ഷ്യം തെറ്റി . ചന്ദ്രനിൽ ഇടിച്ചിറങ്ങുനാഥിന് പകരം ചന്ദ്രോപരിതലത്തിനു 6000 കിലോമീറ്റെർ അകലത്തിലൂടെ ചന്ദ്രനെ കടന്ന ലൂണ 1 സൂര്യന് ചുറ്റുമുള്ള ഒരു ഹീലിയോ സെന്ട്രിക്ക് ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ആദ്യ മനുഷ്യ നിർമിത വസ്തുവായി .പ്രവർത്തനം പണ്ടേ നിലച്ചെങ്കിലും ഇന്നും ലൂണ 1 ഭൂമിക്കും ചൊവ്വക്കും ഇടയിലുള്ള ഒരു ഭ്രമണ പഥത്തിൽ സൂര്യനെ വലം വച്ചുകൊണ്ടിരിക്കുന്നു .
ചന്ദ്രനിൽ ഇടിച്ചിറങ്ങാനായില്ലെങ്കിലും ചന്ദ്രനെ പറ്റിയുള്ള പല വിവരങ്ങളും ലൂണ 1 നു ശേഖരിക്കാനായി . ഭൂമിക്കു മുകളിൽ ഒരു എക്സോ അറ്റ്മോസ്ഫിയറിന്റെ സാന്നിധ്യവും സോളാർ വിൻഡിന്റെ ആപേക്ഷിക പാർട്ടിക്കിൾ ഡെന്സിറ്റിയുമൊക്കെ അളക്കാൻ ലൂണ 1 നു കഴിഞ്ഞു . ചന്ദ്രനിൽ ഇടിച്ചിറങ്ങുക എന്ന ലൂണ 1 ഇന്റെ ലക്‌ഷ്യം അതെ വര്ഷം തന്നെ ലൂണാ-2 നിറവേറ്റി . ലൂണ -2 മറ്റൊരു ബഹിരാകാശ വസ്തുവിൽ എത്തിപ്പെടുന്ന ആദ്യ മനുഷ്യ നിർമിത വസ്തുവായി .
courtesy-wikipedia ,face book

ഓപ്പറേഷന്‍ പോപ്പോയ് (Operation Popeye)


"യുദ്ധം ഉണ്ടാക്കേണ്ട, ചെളി ഉണ്ടാക്കുക" എന്നതായിരുന്നു ഓപ്പറേഷന്‍ പോപ്പോയ് യുടെ മുദ്രാവാക്യം. Make mud, not war. വിയറ്റ്നാമില്‍ ഗോറില്ലകളെ തളര്‍ത്തിക്കളയാന്‍ അവസാനമായി പുറത്തെടുത്ത തന്ത്രം മഴപെയ്യിക്കുക എന്നതാണ്. പഠിച്ചപണിയെല്ലാം പയറ്റിയിട്ടും ഗോറില്ലകള്‍ പിടിച്ചുനിന്നു. ഒടുവില്‍ ജയിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ട, പക്ഷെ ഗറില്ലകള്‍ രക്ഷപ്പെടരുത് എന്ന ചിന്ത കാരണം കാലാവസ്ഥയെ ഒരു ആയുധം ആക്കി ഉപയോഗിക്കുകയായിരുന്നു. യുദ്ധകാലത്തിനു മുന്‍പ് സമാധാനം ആയിരുന്ന സമയത്ത് യു.എസ്സിലെ കാലാവസ്ഥാ ഗവേഷണത്തില്‍ നടത്തിയ ഒരു പ്രൊജക്ട് ആയിരുന്നു പ്രൊജക്ട് പോപ്പോയ്. ആവശ്യം വന്നപ്പോള്‍ പ്രൊജക്ട് പോപ്പോയ് ഓപ്പറേഷന്‍ പോപ്പോയ് ആയി ഉപയോഗിക്കപ്പെട്ടു. ആരും അറിയാതെ സ്റ്റെല്‍ത്ത് വിമാനങ്ങളിലോ അല്ലെങ്കില്‍ മറ്റ് വിമാനങ്ങളിലോ പറക്കുന്ന കൂടെ സില്‍വര്‍ അയഡൈഡ് അന്തരീക്ഷത്തിലേക്ക് വിതറും. ഇത് പതുക്കെ ഇരുന്ന് മേഘങ്ങളെ സാന്ദ്രീകരിച്ച് മഴപെയ്യിക്കും. ഒരുതരം ഉല്‍പ്രേരകം പോലെ. ഇതിനെ ക്ലൌഡ് സീഡിങ്ങ് എന്ന് പറയുന്നു. ഗോറില്ലകള്‍ നോക്കുമ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കനത്ത മഴ. വിയറ്റ്നാം മണ്ണ് മഴയില്‍ കുഴഞ്ഞ് ചെളി ആയി. ലോജിസ്റ്റിക്സിന് സാധനങ്ങള്‍ കൊണ്ടുപോകാനോ യൂണിറ്റുകളെ വിന്യസിക്കാനോ പറ്റാത്ത അവസ്ഥ. ഇത് അവരുടെ കൃഷിയെയും ജനജീവിതത്തെയും ബാധിച്ചു. ശക്തമായി ചെറുത്തു നിന്നെങ്കിലും കാലാവസ്ഥ അവരെ ചതിച്ചു എന്ന് അവര്‍ കരുതി. എന്നാല്‍ ഓപ്പറേഷന്‍ പോപ്പോയ് ആണ് ഇതിന് പിന്നില്‍ എന്ന് ആരും അറിഞ്ഞില്ല. വെതര്‍ വാര്‍ഫെയറിനെപ്പറ്റി ആക്രമണ രാജ്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയ സമയം ആണ്. ഈ കാലഘട്ടത്തില്‍ തന്നെ ബ്രിട്ടീഷുകാരും യുണൈറ്റഡ് കിങ്ഡം ല്‍ സ്വതന്ത്രമായി വെതര്‍ വാര്‍ സങ്കേതങ്ങള്‍ രൂപപ്പെടുത്തി. പ്രൊജക്ട് ക്യൂമുലസ് എന്നായിരുന്നു അതിന്റെ പേര്. ലിന്‍മൌത്തില്‍ വെള്ളപ്പൊക്കം ഉണ്ടാക്കി. 'ഓപ്പറേഷന്‍ വിത്ത് ഡോക്ടര്‍' എന്നായിരുന്നു അതിനെ വിളിച്ചത്. അന്‍പതുകളില്‍ വിജയകരമായി നടത്തപ്പെട്ടിരുന്ന കാലാവസ്ഥാ ആയുധങ്ങള്‍ കാലക്രമേണ കൂടുതല്‍ കൃത്യതയും ഗോപ്യതയും ആര്‍ജ്ജിച്ചു. ക്യൂബയും ഉത്തരകൊറിയയും സിറിയയും അങ്ങനെയുള്ള ചെറുത്തുനില്‍ക്കുന്ന രാജ്യങ്ങള്‍ പലതും നേരിട്ടുള്ള പോര്‍മുഖങ്ങളില്‍ പിടിച്ചുനിന്നെങ്കിലും അസ്വാഭാവികമായ വരള്‍ച്ചയും വെള്ളപ്പൊക്കങ്ങളും അവരെ മുട്ടുകുത്തിച്ചു. ക്ഷാമം അന്തിമവിജയം നേടി. കൂടുതല്‍ കൂടുതല്‍ ആക്രമണ രാജ്യങ്ങള്‍ ഈ മേഖലയില്‍ അറിഞ്ഞ് ഗവേഷണങ്ങള്‍ നടത്തി. റഷ്യയും ചൈനയും ഒക്കെ കളത്തില്‍ ഇറങ്ങി. ഇന്ത്യയും തന്നാലാവുന്ന രീതിയില്‍ ഗവേഷണങ്ങള്‍ നടത്തിത്തുടങ്ങി. പുത്തന്‍ സാങ്കേതികവിദ്യ അയണോസ്ഫിയറിനെയും ഉപയോഗപ്പെടുത്തിത്തുടങ്ങി. ഉയര്‍ന്ന ഫ്രീക്വന്‍സികള്‍ പ്രക്ഷേപണം ചെയ്ത് താപനില വ്യത്യാസപ്പെടുത്തി ഗതി മാറ്റിവിടാനും സങ്കേതങ്ങള്‍ ഉണ്ടായി. ഇത് ആക്രമണങ്ങള്‍ക്ക് കൃത്യതയും രഹസ്യ സ്വഭാവവും നല്‍കി. കാറ്റലിസ്റ്റിക് കെമിക്കലുകള്‍ പല രീതിയിലും ഒളിച്ച് അന്തരീക്ഷത്തില്‍ വിതറപ്പെട്ടു. വിമാനങ്ങളിലൂടെയും തറയിലെ തന്നെയുള്ള കള്ള ഫാക്ടറികളിലൂടെയും എല്ലാം. ഇപ്പോള്‍ ഒരു ആക്രമണം നടത്തുന്നവര്‍ ഇന്‍ഫര്‍മേഷന്‍ വാര്‍ഫേര്‍ ന്റെ സഹായത്തോടെ വെതര്‍ സ്പൂഫിങ്ങ് കൂടെ നടത്തുന്നു. ശത്രുക്കളുടെ വിവരവ്യവസ്ഥയെ സ്വാധീനിക്കുക എന്നതാണ്. തെറ്റായ ഇന്‍ഫര്‍മേഷന്‍ സ്ഥാപിക്കപ്പെടുന്നു. ശരിയായ കാരണങ്ങള്‍ മനസ്സിലാക്കാതെ കള്ളക്കഥകളില്‍ വിശ്വസിച്ച് ആളുകള്‍ മണ്ടന്മാര്‍ ആകുന്നു.
courtesy- facebook

ആര്‍ട്ടിഫിഷ്യല്‍ ത്രോട്ടും സംസാരവും

സംസാരശേഷിയില്ലാത്തവര്‍ക്ക് അവരുദ്ദേശിക്കുന്ന കാര്യങ്ങള്‍ പരിമിതികളോടെയാണെങ്കിലും പുറത്ത് കേള്‍പ്പിക്കാനുള്ള ഉപകരണങ്ങള്‍ രണ്ട് പതിറ്റാണ്ടുകളായേ ലോകത്തുണ്ട്.സ്റ്റീവ് ഹോക്കിംഗ്സ് ഉപയോഗിച്ചിരുന്ന സൗണ്ട് ജനറേറ്റിംഗ് മിഷ്യന്‍ ഇതിനൊരുദാഹരണമാണ്.വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ അത്തരം മിഷ്യനുകള്‍ കൈവിരലുകള്‍ കൊണ്ടോ ശരീരത്തിലെ മറ്റ് മസിലുകളുടെ ചലനങ്ങള്‍ കൊണ്ടോ കണ്ണുകളുടെ ചലനങ്ങള്‍ കൊണ്ടോ ഒക്കെ ഇന്‍പുട്ട് നല്‍കി അതിനനുസരിച്ച് യന്ത്രം ശബ്ദ്ദം പുറപ്പെടുവിക്കുന്നവയാണ്.

ഇവിടെയൊരു പ്രശ്നമുണ്ട്.ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് നിലവിലെ മിഷ്യനുകള്‍ പ്രവര്‍ത്തിപ്പിച്ച് അവരുദ്ദേശിക്കുന്ന കാര്യങ്ങള്‍ പുറത്തു കേള്‍പ്പിക്കുവാന്‍ പരിമിതിയുണ്ട്.ഹോക്കിന്‍സിന്‍റെ കാര്യം തന്നെ ഉദാഹരിച്ചാല്‍, രോഗത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ അദ്ദേഹം തന്‍റെ വിരലുപയോഗിച്ച് കീബോര്‍ഡ് വഴി ഇന്‍പുട്ടുകള്‍ നല്‍കിയിരുന്നു.പക്ഷെ രോഗ തീവ്രതയേറി വന്നപ്പോള്‍ അതിനൊന്നും കഴിയാതെയായി.അതിനനുസരിച്ച് സൗണ്ട് ജനറേറ്റിംങ്ങ് മിഷ്യന്‍റെ ഇന്‍പുട്ട് രീതികളും മാറേണ്ടി വന്നു.അവസാന നാളുകളില്‍ അദ്ദേഹത്തിന്‍റെ കണ്ണടയില്‍ സ്ഥാപിച്ച ഇന്‍ഫ്രാറ്ഡ് സ്വിച്ച് വഴി കവിളുടെ ചലനത്തിനനുസരിച്ചായിരുന്നു ഇന്‍പുട്ടിംഗ് നടന്നു വന്നത്.

ഇത്രയും വാല്‍ക്കഷ്ണം..

സങ്കീര്‍ണ്ണമായ സൗണ്ട് ജനറേറ്റിംഗ് ഡിവൈസുകള്‍ക്ക് ബദലാവാന്‍ നിരവധി ശാസ്ത്ര പരീക്ഷണങ്ങള്‍ നടന്നു വരുന്നുണ്ട്.നിരവധി പ്രോട്ടോടൈപ്പുകളും ഉണ്ടാക്കപ്പെട്ടു.അക്കൂട്ടത്തിലൊന്നാണ് പ്രോട്ടോടൈപ്പ് ഘട്ടത്തിലുള്ള wearable skinlike ultrasensitive artificial graphene throat അഥവാ WAGT.

ലളിതമായ ഉപയോഗ സംവദനവും(user interface) വലിപ്പക്കുറവുമാണ് WAGTയുടെ പ്രത്യേകത.
വീഡിയോയില്‍ കാണും പോലെ ശരീരത്തിന് പുറത്ത് തൊണ്ടയുടെ ഭാഗത്ത് ഒട്ടിച്ചു വയ്ക്കുന്ന സെന്‍സറുകളുടെ കൂട്ടമാണ് WAGT യുടെ പ്രധാന ഭാഗം(throat piece).കൈയ്യില്‍ ധരിക്കാവുന്ന ആം ബാന്‍ഡ് ആണ് മറ്റൊരു ഭാഗം.ഇതില്‍ സര്‍ക്യൂട്ട് ബോര്‍ഡും,മൈക്രോ കമ്പ്യൂട്ടറും,ആംപ്ളിഫയറും,ഡീ കോഡറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഭാഗങ്ങളും തമ്മില്‍ ബന്ധിപ്പിച്ച് ഇലട്രോഡുകളുമുണ്ടാവും.

സംസാരിക്കാനാഗ്രഹിക്കുന്ന വാക്ക് തൊണ്ടയുടെ ചലനങ്ങളിലൂടെയാണ് തിരിച്ചറിയുന്നത്.
തൊണ്ടയിലെ മസിലുകളുടെ സൂക്ഷ്മ ചലനം പോലും തിരിച്ചറിയുന്ന സെന്‍സറുകള്‍ സിഗ്നലുകളെ ആം ബാന്‍റിലേക്കയക്കും.അവിടെ നിന്നും ഡീകോഡിംഗ് നടത്തി ആവൃത്തി കൂട്ടി ശബ്ദം പുറത്തു വിടും.

ത്രോട്ട്പീസിന്‍റെ വലുപ്പവും കനവും കുറയ്ക്കുന്നതിനുള്ള നിരവധിപരീക്ഷണങ്ങള്‍ നടന്നു വരുന്നു.ത്വക്കിനെ പോലെ നേര്‍ത്ത പോളിവിനൈല്‍ ആല്‍ക്കഹോള്‍ ഫിലിമില്‍ ഗ്രാഫൈനുകള്‍ ലേസര്‍ പ്രിന്‍റിംഗ് നടത്തിയുള്ള പരീക്ഷണങ്ങള്‍ വിജയസൂചനകളാണ് നല്‍കുന്നത്.ശീരത്തില്‍ പതിക്കാവുന്ന ടാറ്റൂ കണക്കെ WAGT അണിയുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.

WAGT ഒരു ഒറ്റപ്പെട്ട സംഗതിയല്ല.സമാനമായ പല വകകളും നിലവില്‍ പ്രവര്‍ത്തനക്ഷമതാ പരിശോധനയിലോ ഗവേഷണത്തിന്‍റെ പല ഘട്ടങ്ങളിലോ ആണ്.
courtesy -facebook