Tuesday 1 September 2020

മൺറോ തുരുത്ത്


കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിലുള്ള മൺറോ തുരുത്ത് എന്ന ചെറുദ്വീപ് അതിന്റെ ഭൂപ്രകൃതികൊണ്ടും വശ്യഭംഗികൊണ്ടും മാത്രമല്ല ചരിത്രപരമായ സ്ഥാനമാനങ്ങൾകൊണ്ടുകൂടി പ്രശസ്തമാണ്.അഷ്ടമുടിക്കായലിന് കുറുകേയുള്ള തീവണ്ടിയാത്രകളിൽ ഈ തുരുത്തിനെ കാണാത്തവർ കുറവായിരിക്കും.കായലും കല്ലടയാറും പുണരുന്ന ഈ ദ്വീപിന് ആ പേരുകിട്ടിയത് തിരുവിതാംകൂറിലെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ ജോൺ മൺട്രോയുടെ ഓർമ്മയിലാണ്.തന്റെ അധികാര പരിധിയിൽ ഉണ്ടായിരുന്ന ഈ പ്രദേശം മിഷനറി ചർച്ച് സൊസൈറ്റിക്ക് നൽകിയ ദിവാനോടുള്ള കടപ്പാടിൽ അവരാണ് ഈ ദ്വീപിന് മൺറോ തുരുത്ത് എന്ന പേര് നൽകിയത്.ഇന്നും ഈ സ്ഥലം അതേ പേരിൽ അറിയപ്പെടുന്നു.

മൺറോ തുരുത്ത് അതിന്റെ പേര് കൊണ്ട് ഓർമ്മിപ്പിക്കുന്ന കേണൽ മൺറോയെത്തേടി പോകുമ്പോൾ ചരിത്രത്തിൽ ഒരു വിപ്ലവനായകനെപ്പോലെ നിൽക്കുന്ന ആ ബ്രിട്ടീഷ് ദിവാനെകണ്ടുമുട്ടാം.കിരാതമായ  ജാതിവ്യവസ്ഥകളും മനുഷ്യത്വവിരുദ്ധമായ അടിമവ്യാപാരങ്ങളും കർക്കശമായ നികുതിപ്പിരിവുകളും കൊണ്ട് ഭൂരിപക്ഷം വരുന്ന അവർണ്ണ ജനതയെ പൊറുതിമുട്ടിച്ച തിരുവിതാംകൂർ രാജഭരണങ്ങളുടെ ചരിത്രം തിരുത്തി എഴുതിയ കേണൽ മൺറോ,രാജാക്കന്മാരുടെ വെളിവുകേടുകളിലേക്ക് അല്പം വെളിച്ചം കൊണ്ടുവന്ന ദിവാനായിരുന്നു.അദ്ദേഹത്തിന്റെ നിർണ്ണായകമായ ഇടപെടലുകളും നീതിബോധവും തിരുവിതാംകൂറിൽ അനവധി വിപ്ലവങ്ങൾക്ക് കാരണമായിട്ടുണ്ട്.തിരുവിതാംകൂറിലെ രാജാക്കന്മാരും വേലുത്തമ്പി ഉൾപ്പടെയുള്ള ദിവാന്മാരും ഏർപ്പെടുത്തിയിരുന്ന മർദ്ദനനികുതി ഭാരങ്ങളിൽ നിന്നും അടിമക്കച്ചവടങ്ങളിൽ നിന്നും പതിത ജനതയെ രക്ഷിച്ചതിൽ കേണൽ മൺട്രോയോടാണ് ചരിത്രം നന്ദി പറയുന്നത്.

കച്ചവടത്തിന് കടൽ കടന്ന് വന്നവർ കാര്യക്കാരും അധികാരികളുമായി നമ്മെ അടിമകളാക്കി എന്ന് പാഠപുസ്തകങ്ങളിൽ വായിച്ച് പഠിച്ചപ്പോഴും സ്വദേശികളായ ജന്മിമാരും രാജാക്കന്മാരും ബ്രാഹ്‌മണ പൗരോഹിത്യങ്ങളും ദുഷ്പ്രഭുത്വങ്ങളും മനുഷ്യർ എന്ന പദവി നിഷേധിച്ച ഒരു വിഭാഗം ജനങ്ങളുടെ തലവര മാറ്റിയെഴുതിയതിൽ ബ്രിട്ടീഷ് ഭരണത്തിന്റെ സ്ഥാനം നിഷേധിക്കാവുന്നതായിരുന്നില്ല എന്ന സത്യം ക്‌ളാസ്സ് മുറികളിൽ നാം കേൾക്കാതെപോയി. സ്വാതന്ത്ര്യം ആരിൽ നിന്നെന്നല്ല എന്തിൽ നിന്നാദ്യം എന്നതായിരുന്നു പ്രസക്തം.മൃഗങ്ങൾക്ക് പോലും കിട്ടുന്ന പരിഗണനയില്ലാതെ സ്വന്തം മണ്ണിൽ ജാതിക്കളങ്ങളിൽ നിൽക്കേണ്ടിവന്ന അനവധി മനുഷ്യർക്ക് സായിപ്പായിരുന്നില്ല ശത്രു.ഭീമാ കൊരേഗാവോ ഉൾപ്പടെ എത്രയെത്ര സംഭവങ്ങളിൽ സായിപ്പ് അവർക്ക് അതിജീവനത്തിന്റെ ശക്തിയായിരുന്നു എന്ന് ഭൂതകാലത്തിലെ തിരനോട്ടങ്ങളിൽ നിന്ന് നമുക്ക് അടിവരയിട്ട് വായിക്കാം.

ബ്രിട്ടീഷ്കാർ നന്മ മാത്രം ചെയ്തവരും സ്നേഹ ദൂതരുമായിരുന്നു എന്നല്ല,മറിച്ച് നാട്ടുരാജ്യങ്ങളിൽ മനുഷ്യൻ എന്ന അവകാശമില്ലാതെ ദുരിതക്കയങ്ങളിൽ ജീവിക്കേണ്ടിവന്ന ഒരു ജനതയ്ക്ക് അങ്ങനെയൊരു വിദേശാധിപത്യവും അധികാര കൈമാറ്റങ്ങളും ഉടച്ച് വാർപ്പുകളും അനിവാര്യമായിരുന്നു.ചരിത്രപരമായ ആ നിയോഗമാണ് തിരുവിതാംകൂറിൽ കേണൽ മൺറോ സ്തുത്യർഹമായി നടപ്പാക്കിയത്.അഭിനവ ദേശസ്നേഹികൾ ആരെങ്കിലും നാളെ 'മൺറോ തുരുത്തിന്റെ' പേര് തിരുത്തിയേക്കാം.പക്ഷെ അപ്പോഴും കേരളത്തിന്റെ നവോത്‌ഥാനങ്ങളുടെ നാൾവഴികളിൽ നിന്ന് കേണൽ മൺറോ എന്ന സായിപ്പിന്റെ പേര് ആർക്കും വെട്ടിമാറ്റാൻ കഴിയില്ല.

ആർഷഭാരത ഗീർവ്വാണങ്ങളും രാജഭക്തിയുടെ രാമായണങ്ങളും കേട്ടു മടുക്കുമ്പോൾ ചരിത്രത്തിലേക്കൊന്ന് നഗ്‌നപാദരായി നടന്നുചെല്ലാൻ ആർക്കെങ്കിലും തോന്നുമ്പോൾ കേണൽ മൺറോയേയും അവർ കാണാതിരിക്കില്ല.ശംബൂകൻമാരുടെ തലയറുത്ത രാജാക്കന്മാരെ  മാത്രമല്ല , ശംബൂകൻമാരുടെ തലയറുക്കാൻ നിന്ന രാജാക്കന്മാരിൽ നിന്ന് ഉടവാൾ പിടിച്ചുവാങ്ങിയ കരുത്തനായ ഒരു ദിവാനെയും  അവർക്ക് കാണാതെ പോകാനാവില്ല.


No comments:

Post a Comment