ആർമി ഉറുമ്പുകളുടെ ജീവിതം വളരെ സവിശേഷത നിരഞ്ഞൊരു ജീവലോകഅദ്ഭുതമാണ്. കോളനിയിൽ നിന്നും ചുറ്റുപാടേക്കും പല പല ഗ്രൂപ്പുകൾ ഇരതേടി ഇറങ്ങും. പോകുന്ന വഴിക്കുള്ള എന്തും അവയുടെ രൗദ്രതയുടെ ഭീകരത അറിയുകയും ചെയ്യും. ആർമി ഉറുമ്പുകൾ എന്ന പേരിൽ അറിയപ്പെടുന്നത് ഒരു പ്രത്യേകതരം ഉറുമ്പല്ല, നിരവധി സ്പീഷിസുകളിലുള്ള ഉറുമ്പുകൾക്ക് പൊതുവെയുള്ള പേരാണ്. ഇവ വേട്ടയാടുന്നതിന്റെയും ജീവിക്കുന്ന രീതികളുടെയും സാമ്യം കാരണം പൊതുവേ ആർമി ഉറുമ്പുകൾ എന്നു വിളിക്കപ്പെടുന്നതാണ്. ഓരോ വർഗ്ഗത്തിനും നിരവധിയായ സ്വഭാവവ്യത്യാസങ്ങളുമുണ്ട്.
കാഴചശക്തിയേ ഇല്ലാത്ത ഇവ അനക്കം കൊണ്ടാണ് ഇരയുടെ സാമീപ്യം അറിയുന്നത്. അനങ്ങാതിരുന്നാൽ രക്ഷപ്പെടാം. തങ്ങളുടെ ശരീരത്തേക്കാൾ വളരെ വലിപ്പമേറിയ ജീവികളെപ്പോലും പിടിച്ച് കഷണങ്ങളാക്കി കോളനികളിലേക്കെത്തിക്കുന്നതിൽ ഇവ സമർത്ഥരാണ്. ആഫ്രിക്കയിലെ കർഷകരുടെ ഉത്തമസുഹൃത്തുക്കളാണ് ഇവ. കൃഷിക്കായി മണ്ണ് ഇളക്കി മറിക്കുമ്പോൾ പുറത്തുവരുന്ന കീടങ്ങളെ മുഴുവൻ ഇവ തിന്നുതീർക്കും. ഒറ്റ ആക്രമണത്തിൽ ഒരു ലക്ഷം കീടങ്ങളെ വരെ ഇവ അകത്താക്കും. സ്ഥിരം വീടുകൾ ഇവ ഉണ്ടാക്കാറില്ല, നിങ്ങിക്കൊണ്ടേയിരിക്കലാണ് ഇവയുടെ സ്വഭാവം. അതിനായി അരുവികൾ കടക്കാൻ ഇവരുടെ തന്നെ ശരീരം കോർത്തുപിടിച്ച് പാലങ്ങൾ ഉണ്ടാക്കാനും ജലത്തിൽക്കൂടി നീങ്ങാനായി ഒരു വലിയ പന്തുപോലെയായി ഒഴുകി മറുകര പിടിക്കാനുമൊക്കെ ഇവയ്ക്കാവും. യാത്രയിൽ മുട്ടയും പ്യൂപ്പയും ലാർവയും ഒക്കെ ഇവർ ചുമന്നുകൊണ്ടുപോയി പുതുതായി കണ്ടുപിടിക്കുന്ന കോളനിയിൽ സൂക്ഷിച്ചുവയ്ക്കും. ഏറ്റവും ഉള്ളിലായിരിക്കും റാണി ഉണ്ടാവുക. രണ്ടിഞ്ച് നീളമുള്ള ഈ റാണിയാണ് ഉറുമ്പുവർഗങ്ങളിലെതന്നെ ഏറ്റവും വലിയ അംഗം. ഒറ്റ ജോലിയേ റാണിക്കുള്ളൂ. മുട്ടയിടുക, ഒരുമാസത്തിൽ ഏതാണ്ട് രണ്ട് മുതൽ ഏഴു ലക്ഷം വരെ മുട്ടകൾ ഒരു റാണിയ്ക്ക് ഇടാനാവും. രണ്ടുകോടി അംഗങ്ങളുള്ള ഒരു കോളനിയ്ക്ക് പുതിയൊരിടത്തേക്ക് എത്തിച്ചേരാൻ രണ്ടുദിവസം മാത്രമേ വേണ്ടൂ. 
ചില സ്പീഷിസിലെ അംഗങ്ങൾ ഒരു കാടുമുഴുവൻ ഭക്ഷണം തേടി ഇറങ്ങും. വഴിക്കെങ്ങാൻ തടസ്സങ്ങൾ ഉണ്ടെന്ന് അറിയിപ്പുകിട്ടിയാൽ കൂട്ടത്തിലെ വലിയവന്മാർ അവിടെയെത്തി അവരുടെ ശരീരഭാരത്തിന്റെ അൻപത് ഇരട്ടിവരെ ഭാരമുള്ള തടസ്സങ്ങളെ കൂട്ടമായി നീക്കുന്നു. വഴിയിൽ ലഭ്യമാകുന്ന ജീവവസ്തുക്കളെല്ലാം നിമിഷം കൊണ്ട് ഇവയുടെ ആഹാരമാകും. വളരെവലിയ അംഗസംഖ്യയുള്ളതിനാൽ നിരന്തരമായി ഭക്ഷണത്തിനായുള്ള അലച്ചിലാണ് ഇവയുടെ ജീവിതം എന്നുതന്നെ പറയാം. ചിലപ്പോൾ ഭക്ഷണം തേടി ഇറങ്ങുന്ന ഒരാൾ കണ്ടുപിടിക്കുന്ന ചിതൽക്കോളനിയുടെ വിവരം തിരികെ കോളനിയിലെത്തിക്കുമ്പോൾ 500-600 അംഗങ്ങളുള്ള കൂട്ടമായി ഉറുമ്പുകൾ എത്തി ചിതൽക്കോളനികളിൽ നിന്നും സാധ്യമായതത്രയും അകത്താക്കി ചുമക്കാവുന്നതിന്റെ പരമാവധി ചിതലുകളെ ചുമന്ന് തിരികെ കോളനിയിൽ എത്തിക്കുന്നു, തുടർന്ന് മറ്റൊരു പറ്റം അങ്ങോട്ടു പുറപ്പെടും. 
കോളനികളുടെ വലിപ്പം വല്ലാതെ കൂടുമ്പോൾ കോളനികൾ വേർപിരിയാറുണ്ട്, ഓരോ മൂന്നുകൊല്ലം കൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മിക്കവാറും ഒരു കോളനിയിൽ അംഗങ്ങളെല്ലാം ഒരൊറ്റ റാണിയുടെ മക്കൾ ആണ്, എങ്ങാൻ പെട്ടെന്നൊരു റാണി അപകടത്തിലെങ്ങാൻ ചത്തുപോയാൽ പലപ്പോഴും ആ കോളനി അങ്ങനെത്തന്നെ ഇല്ലതെയാവും. ചിലപ്പോൾ അതിലെ അംഗങ്ങൾ വേറൊരു കോളനിയിൽ എത്തി അവിടത്തെ റാണിയുടെ കീഴിൽ ആവാറുമുണ്ട്. 
പനാമയിൽ ഉള്ള ചിലതരം ആർമി ഉറുമ്പുകൾ ഇങ്ങനെ വേട്ടയ്ക്കിറങ്ങുമ്പോൾ കാട്ടിലെ തറയിലും മരങ്ങളുടെ തടിക്കടിയിലുമെല്ലാമുള്ള പ്രാണികൾ രക്ഷപ്പെടാനായി പുറത്തിറങ്ങുമ്പോൾ ചിലപക്ഷികൾ അവയെ പിടികൂടുന്നു, ഇങ്ങനെ എളുപ്പത്തിൽ ഭക്ഷണം ലഭിക്കുമെന്നതിനാൽ നിരവധി ഇനം പക്ഷികൾ ഈ ഉറുമ്പുകൂട്ടങ്ങളോടൊപ്പം സഞ്ചരിക്കാറുണ്ട്. ഇതുപോലെ നിരവധി ഇനം ജീവികൾ ഈ ഉറുമ്പുകൂട്ടങ്ങൾ കാരണം ജീവിതം എളുപ്പമാക്കുന്നുണ്ട്. ഇത്തരം സഹകരണജീവിതത്തിൽ Eciton burchellii എന്നുപേരുള്ള ഒരു ഉറുമ്പുകുടുംബവുമായി സഹകരിച്ച് ജീവിക്കുന്ന ജിവികളുടെ എണ്ണം ഏതാണ്ട് 350 മുതൽ 500 വരെയാണ്. ഇത്രത്തോളം സഹജീവിതമുള്ള മറ്റൊരു ജീവിവർഗത്തെയും ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.

No comments:
Post a Comment